തെയോഫിലോസ് മെത്രാപ്പോലീത്താ പ്രസാദാത്മകതയുടെ പ്രതീകം / ‍ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്


സഭയില്‍ പൂര്‍ണ്ണമായും യോജിപ്പും സമാധാനവും നിലനിന്നിരുന്ന അറുപതുകളില്‍ സെമിനാരിയില്‍ പഠിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായിരുന്നു. വടക്കുനിന്നും തെക്കുനിന്നും കാതോലിക്കാപക്ഷത്തുണ്ടായിരുന്നവരും പാത്രിയര്‍ക്കീസ് പക്ഷത്തുണ്ടായിരുന്നവരും ക്നാനായ സമുദായത്തില്‍ നിന്നുള്ളവരുമായ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന കുടുംബമായിരുന്നു സെമിനാരി. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ ഉയരുമായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ തെയോഫിലോസ് തിരുമേനി നല്‍കിയിരുന്ന ഉപദേശങ്ങളും കാണിച്ച പക്വതയും ഭിന്നാഭിപ്രായക്കാരെ സമന്വയിപ്പിച്ചുകൊണ്ടുപോകുന്നതിനു നടത്തിയ പരിശ്രമങ്ങളും ഇത്തരം പ്രശ്നങ്ങളില്‍ വികാരപരമായി പക്ഷം പിടിക്കാതിരുന്ന ഞങ്ങള്‍ക്ക് എന്നും പാഠവും മാതൃകയുമായിരുന്നു.

1966-ല്‍ വിദ്യാര്‍ത്ഥിയായി വരുമ്പോഴുള്ള സെമിനാരിയുടെ ചിത്രം മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു. സെമിനാരി ചാപ്പലിന് പടിഞ്ഞാറു ചേര്‍ന്ന് നാലുകെട്ട്. അതില്‍ തന്നെയാണ് പ്രിന്‍സിപ്പലടക്കമുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും താമസിക്കുന്നത്. നാലു കെട്ടിന്‍റെ പടിഞ്ഞാറേമുറ്റം കഴിഞ്ഞ് പടിഞ്ഞാറോട്ട് പൂന്തോട്ടം. പൂന്തോട്ടത്തിനു പടിഞ്ഞാറു ഭാഗത്ത് കുരിശടിയും കൊടിമരവും. ചാപ്പല്‍ മുതല്‍ പടിഞ്ഞാറേ കുരിശടി വരെയുള്ള ഭാഗം വേര്‍തിരിക്കുന്ന ചുറ്റുമതില്‍. ചാപ്പലിന്‍റെ പടിഞ്ഞാറേ വാതിലും നാലുകെട്ടിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള വാതിലുകളും പടിഞ്ഞാറേ കുരിശടിയുടെ വാതിലും ഒരേ നേര്‍രേഖയില്‍ വരും.

പൂന്തോട്ടത്തിന് നടുവില്‍ വിശാലമായ പുല്‍ത്തകിടിയാണ്. അതിന് നടുവില്‍ ഒരു ചെറിയ ആമ്പല്‍ക്കുളമുണ്ട്. എന്നും രാവിലെ യന്ത്രം ഉപയോഗിച്ച് തിരുമേനി തന്നെ പുല്‍ത്തകിടി ചെത്തും. ഒരു നല്ല വ്യായാമമുറ കൂടി ആയിരുന്നു അത്. മറ്റു സന്ദര്‍ഭങ്ങളില്‍ കത്രിക കൊണ്ട് തിരുമേനി തന്നെ ചെടി വെട്ടുന്നതു കാണാം. ചുറ്റുമതിലിനോടു ചേര്‍ന്നും നാലുകെട്ടിനു ചുറ്റും ചെടി വച്ചു പിടിപ്പിച്ച് മനോഹരമാക്കുന്നതില്‍ തിരുമേനി ശ്രദ്ധിച്ചിരുന്നു. സെമിനാരി പരിസരം വൃത്തിയായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിഥികളെയും കൊണ്ട് അദ്ദേഹം പൂന്തോട്ടം ചുറ്റി നടന്നു കാണിക്കുക പതിവായിരുന്നു.

അക്കാലത്ത് തെയോഫിലോസ് തിരുമേനി ഒരു അള്‍സേഷ്യന്‍ നായയെ വളര്‍ത്തിയിരുന്നു. അതിനെ ശുശ്രൂഷിക്കുന്നതു കാണുക ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു കൗതുകമായിരുന്നു. റോബിന്‍ എന്നായിരുന്നു അതിന്‍റെ പേരെന്നു തോന്നുന്നു. ചിലപ്പോള്‍ റോബിന്‍റെ ചെവി പഴുക്കും. തിരുമേനി തന്നെ പഞ്ഞി കൊണ്ട് പഴുപ്പ് എടുത്തുകളഞ്ഞ് മരുന്നുവയ്ക്കും. തിരുമേനിക്ക് പൂന്തോട്ടത്തോടും പട്ടിയോടുമുള്ള ഈ ഭൂതദയയ്ക്ക് സെമിനാരിയിലെ ഞങ്ങളുടെ ജ്യേഷ്ഠന്മാര്‍ മനശ്ശാസ്ത്രപരമായ ഒരു വിശദീകരണം നല്‍കിയിരുന്നു. ടൗയഹശാമശേീി എന്നാണ് അവര്‍ അതിന് പറഞ്ഞിരുന്നത്. മനഃശാസ്ത്രം സെമിനാരിയിലെ ഒരു പഠന വിഷയമായിരുന്നു. അതില്‍ നിന്നും കിട്ടിയ അറിവ് അനിയന്മാരായ ഞങ്ങള്‍ക്ക് പങ്കുവയ്ക്കുകയായിരുന്നു അവര്‍. പ്രാകൃത വികാരങ്ങളുടെ ഊര്‍ജ്ജത്തെ സാംസ്കാരികമായി ഉയര്‍ന്നതലത്തിലേക്ക് തിരിക്കുക എന്നാണ് മനോവിശകലന ശാസ്ത്രത്തില്‍ ടൗയഹശാമശേീി എന്ന പദം നിര്‍വചിച്ചു കാണുന്നത്. സന്യാസ ജീവിതം നയിക്കുന്നവരില്‍ വിശിഷ്യാ കാണുന്ന പ്രകൃതിയോടും പക്ഷിമൃഗാദികളോടുമുള്ള ഭൂതദയയ്ക്ക് ഈ വിശദീകരണം നല്‍കാനാവുമോ? ഫ്രോയിഡിന്‍റെ മനോവിശകലന സമ്പ്രദായത്തില്‍ ഇങ്ങനെയേ വിശദീകരണം നല്‍കാന്‍ കഴിയുകയുള്ളു എന്നതു ശരി തന്നെ. പാശ്ചാത്യചിന്തയോടും ചേര്‍ന്നുവരുന്നതാണത്. ആദാം പാപത്തില്‍ വീണ കാരണം മനുഷ്യന്‍ പാപപിണ്ഡമാണെന്നാണല്ലോ അഗസ്തീന്‍ പഠിപ്പിച്ചത്. എന്നാല്‍ പൗരസ്ത്യ ചിന്തയില്‍ മറ്റൊരു സമീപനം കാണാം. നന്മയാണ് മനുഷ്യന്‍റെ സഹജഭാവം; തിന്മയല്ല. തിന്മയുടെ പ്രേരണകള്‍ ഉണ്ടാവും. തിന്മയുടെ സാധ്യതയുണ്ടായിരിക്കെ നന്മയില്‍ മനസ്സിനെ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉപായമാണ് സന്യാസം. പ്രകൃതിയുടെ സ്വച്ഛതയിലും പക്ഷിമൃഗാദികളുടെ നിഷ്ക്കളങ്കതയിലും സന്യാസി സന്തോഷിക്കുന്നു. നന്മയും സ്നേഹവും നിറഞ്ഞ മനസ്സിന്‍റെ കവിഞ്ഞൊഴുകലാണ് ഭൂതദയ. സെമിനാരിയിലെ പഠനകാലത്ത് സന്യാസ ജീവിതത്തിന്‍റെ ഇത്തരം പല ഉത്തമ മാതൃകകളും അവിടെ ഉണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു അഭിവന്ദ്യ തെയോഫിലോസ് തിരുമേനി.

പ്രസാദം തുളുമ്പുന്ന മുഖമായിരുന്നു അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയുടേത്. ആ വ്യക്തിത്വത്തിന്‍റെ മുഖമുദ്രയായിരുന്നു അത്. അദ്ദേഹത്തിന്‍റെ വ്യക്തിവൈശിഷ്ട്യത്തെ ഒറ്റവാക്കില്‍ സംക്ഷേപിക്കുന്നപക്ഷം ‘പ്രസാദാത്മകത’ എന്നാണ് പറയാന്‍ കഴിയുക. പ്രസാദാത്മകതയുടെ പ്രതീകമായിരുന്നു അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനി.

(ഓര്‍ത്തഡോക്സ് യൂത്ത്, മാര്‍ തെയോഫിലോസ് പ്രത്യേക പതിപ്പ്, 1997)