ദൈവദൂതരോട് ചേര്‍ന്ന് ദൈവസന്നിധിയില്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

 1. ഓര്‍ത്തഡോക്സ് ആരാധനയുടെ സുപ്രധാനമായ ഒരു തലം ദൈവസന്നിധിയില്‍ നില്‍ക്കുന്ന പരിശുദ്ധരോടും ദൂതരോടും ചേര്‍ന്നു നാം ആരാധിക്കുന്നു എന്നതത്രേ. ഇവിടെ പരിശുദ്ധര്‍ എന്നതുകൊണ്ട് ക്രിസ്തുവില്‍ വിളിച്ച് വേര്‍തിരിക്കപ്പെട്ട് വിശുദ്ധ മാമോദീസായിലൂടെ ക്രിസ്തുശരീരത്തിന്‍റെ ഭാഗമായി തീര്‍ന്ന് വി. കുര്‍ബാനാനുഭവത്തിലൂടെ യേശുക്രിസ്തുവില്‍ നിലനില്‍ക്കുന്ന എല്ലാ വിശ്വാസികളും എന്ന അര്‍ത്ഥത്തിലാകുന്നു. ഇവിടെ വിശ്വാസികളുടെ മദ്ധ്യസ്ഥരായ പരിശുദ്ധര്‍ എന്ന പ്രത്യേക അര്‍ത്ഥത്തില്‍ മാത്രമല്ല കര്‍ത്താവില്‍ നിദ്ര പ്രാപിച്ച് ആത്മപ്രകാരം ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ എല്ലാ വിശ്വാസികളും എന്ന വിശാലാര്‍ത്ഥത്തില്‍ വേണം മനസ്സിലാക്കാന്‍. വീണ്ടും, വാങ്ങിപ്പോയ വിശ്വാസികള്‍ മാത്രമല്ല ഇവിടെ ശരീരത്തില്‍ വസിക്കുന്ന വിശ്വാസികളും പരിശുദ്ധ എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നു (റോമര്‍ 1:3, 1 കൊരി. 1:2, 2 കൊരി. 1:1, എഫെ. 1:1, ഫിലി. 1:1, കൊലോ. 1:1). ഇങ്ങനെ വാങ്ങിപ്പോയവരും ജീവനോടിരിക്കുന്നവരുമായ എല്ലാ വിശ്വാസികളും ദൈവദൂതരും ചേര്‍ന്ന് ദൈവസന്നിധിയില്‍ നില്‍ക്കുന്നു. ദൈവത്തെ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലെ ആരാധനയില്‍ നിന്ന് അകന്നല്ല ഭൂമിയിലെ ആരാധന, പിന്നെയോ ഒന്നുചേര്‍ന്നാണ്, ഒന്നായാണ്. ദൃശ്യവും അദൃശ്യവുമെന്ന് തിരിച്ച് പിരിച്ചൊരു സങ്കല്‍പ്പമല്ല; അഖണ്ഡമായൊരു മുഴുവീക്ഷണം നമ്മുടെ ബോധത്തില്‍ ഉറയ്ക്കേണ്ടതുണ്ട്. സ്വര്‍ഗ്ഗവും ഭൂമിയും ഒരു പരിവൃത്തിക്കുള്ളില്‍, വൃത്താകാരത്തിനുള്ളില്‍ ഒന്നായി വരുന്നു; ഒന്നിച്ചു കൂടുന്നു. ഒരു കൂട്ടായ്മയായി, സംയോഗമായി (ഇീാാൗിശീി) തീരുന്നു. ഇതാണ് സഭയെ സംബന്ധിച്ച സമ്യക്കും സമഗ്രവുമായ ദര്‍ശനം. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ദൈവദൂതരും ശരീരികളും അശരീരികളുമായി സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ വിശുദ്ധരും ദൈവത്തെ ആരാധിക്കുന്നു. ഈ സ്വര്‍ഗ്ഗീയാരാധനയില്‍ ദൈവദൂതരുടെ സവിശേഷ സാന്നിദ്ധ്യവും സംസര്‍ഗ്ഗവും ശ്രദ്ധേമായും വരുന്നു.
 2. യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരം എന്തിനായിട്ടാകുന്നു? നമ്മെ പാപത്തില്‍ നിന്ന് വീണ്ടെടുക്കുവാന്‍ എന്നാകും ഈ ചോദ്യത്തിന് സാധാരണയായി കേള്‍ക്കുന്ന ഉത്തരം. എന്നാല്‍ ഇത് ക്രിസ്തുവിന്‍റെ രക്ഷണ്യപ്രവര്‍ത്തനത്തിലെ ആദ്യതലം മാത്രമേ ആകുന്നുള്ളു എന്ന് നാം തിരിച്ചറിയണം. ക്രിസ്തുവിലുള്ള നമ്മുടെ വീണ്ടെടുപ്പിന് സര്‍ഗ്ഗാത്മകവും ധനാത്മകവുമായ മറ്റൊരു തലമുണ്ട്. ക്രിസ്തു അവതരിച്ചത് പാപത്തില്‍ നിന്ന് വീണ്ടെടുത്ത് സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് നിരപ്പിക്കാനും തിരുസന്നിധിയില്‍ നില്‍ക്കുന്ന ദൈവദൂതരുടെ സംഘത്തോട് ചേര്‍ന്ന് അനവരതം അവനെ ആരാധിക്കുന്ന സ്വര്‍ഗ്ഗോന്നതിയിലേക്ക് നമ്മെ ഉപനയിപ്പിക്കാനുമാകുന്നു. പൗരസ്ത്യ ക്രിസ്തീയ സഭകള്‍ ക്രിസ്തീയ രക്ഷയ്ക്ക് ഇപ്രകാരം ഒരു ഊന്നല്‍ നല്‍കുന്നു. മനുഷ്യജീവിതത്തിന്‍റെ ആത്യന്തിക ഭാഗധേയം ദൈവസന്നിധിയില്‍ നിന്ന് അവനെ സ്തുതിക്കുക എന്നതത്രേ. ഒരു വശത്ത് ഇതൊരു തിരിച്ചുവരവാണ്. പാപം ചെയ്ത് ദൈവസന്നിധിയില്‍ നിന്ന് വീണുപോയ മനുഷ്യന്‍ പൂര്‍വ്വാവസ്ഥയിലേക്ക് യേശുക്രിസ്തുവില്‍ പരിശുദ്ധാത്മ വ്യാപാരത്തിലൂടെ മടങ്ങിവരുന്നു. ഈ മടങ്ങിവരവ് ദൈവസന്നിധിയില്‍ നിലനില്‍ക്കുന്ന ദൈവദൂതന്മാരുടെ സംസര്‍ഗ്ഗത്തിലേക്കുള്ള, കൂട്ടായ്മയിലേക്കുള്ള തിരിച്ചുവരവും കൂടിയാകുന്നു.
 3. ദൈവസന്നിധിയില്‍ ദൈവദൂതരോട് ചേര്‍ന്നു നിന്ന് ദൈവത്തെ
  ആരാധിക്കുന്ന പുതിയനിയമ സഭയുടെ സുന്ദര ദൃശ്യം വെളിപ്പാട് പുസ്തകത്തിലെ മുഖ്യപ്രമേയങ്ങളില്‍ ഒന്നാകുന്നു. പിതാവാം ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെയും (വെളി. 4:2) അറുക്കപ്പെട്ട കുഞ്ഞാടായ ക്രിസ്തുവിന്‍റെയും (വെളി. 5:6) അഗ്നിയായി, ദീപമായ് ജ്വലിച്ചു നില്‍ക്കുന്ന പരിശുദ്ധാത്മാവിന്‍റെയും (വെളി. 4:5, 5:6) മുമ്പാകെ വീണ മീട്ടി ദൈവത്തെ സ്തുതിച്ചും ധൂപമര്‍പ്പിച്ചും മദ്ധ്യസ്ഥതയണച്ചും നില്‍ക്കുന്ന പുരോഹിതഗണങ്ങള്‍ (മൂപ്പന്മാര്‍ = കാശീശേ = പ്രസ്ബിറ്ററോയ്) (വെളി. 5:8), ദൈവവചനവും സുവിശേഷവും; നിമിത്തം അറുക്കപ്പെട്ട സാക്ഷിമരണം പ്രാപിച്ച സഹദേന്മാര്‍ (വെളി. 6:9), സകല ജാതികളിലും, ഗോത്രങ്ങളിലും, വംശങ്ങളിലും, ഭാഷകളില്‍ നിന്നുമുള്ള ശുഭ്രവസ്ത്രധാരികളായ എണ്ണമറ്റ മഹാപുരുഷാരം (വെളി. 7:9). ഈ വിശുദ്ധ സംഘത്തോട് ചേര്‍ന്ന് കലര്‍ന്ന് നിന്ന് ദൈവത്തെ സ്തുതിക്കുന്ന പതിനായിരം പതിനായിരവും ആയിരം ആയിരവുമായ ദൈവദൂതര്‍ (വെളി. 5:11, 7:11); ഈ ബൃഹത് സംഘത്തോട് ചേര്‍ന്നുനിന്ന് ആരാധിപ്പാന്‍ ക്ഷണിച്ചുകൊണ്ടുള്ള സ്വര്‍ഗ്ഗീയ ശബ്ദം ഇവിടെയായിരിക്കുന്ന സഭ കേള്‍ക്കുന്നു, “ഇവിടെ കയറി വരിക” (വെളി. 4:1). ആരാധന ഒരു കയറ്റമാകുന്നു, ദൃശ്യലോകത്തുള്ള വിശുദ്ധരുടെ ദൈവസന്നിധിയിലേക്കുള്ള കയറ്റം (വെളി. 4:1); അതേസമയം ഒരു ഇറക്കവുമാകുന്നു. അദൃശ്യലോകത്തെ ദൈവനഗരമായ സ്വര്‍ഗ്ഗീയ യെരുശലേമിന്‍റെ ഇറക്കം; ഇത് സൂചിപ്പിച്ചുകൊണ്ടുള്ള സ്വര്‍ഗ്ഗീയ ശബ്ദവും കേള്‍ക്കാം, “ഇതാ മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം” (വെളി. 21:2, 3). ഇങ്ങനെ സ്വര്‍ഗ്ഗവും ഭൂമിയും സ്വര്‍ഗ്ഗവാസികളും ഭൂവാസികളുമായ സഭ ഇപ്പോള്‍, ഇവിടെ ആരാധനയില്‍ ഒന്നിക്കുകയായി. ഈ പ്രവിശാലവും സമഗ്രവുമായ ലോകവീക്ഷണത്തില്‍ വേണം ദൈവദൂതരോട് ചേര്‍ന്ന് ദൈവസന്നിധിയില്‍ നിന്ന് ആരാധിക്കുന്ന സഭയുടെ സങ്കല്‍പ്പം രൂപപ്പെടുത്തിയെടുക്കാന്‍ എന്നു സാരം. ഇതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം പൗരസ്ത്യ ക്രിസ്തീയ പാരമ്പര്യത്തില്‍ ആരാധനാ സങ്കല്‍പ്പവും സഭാസങ്കല്‍പ്പവും ഇഴചേര്‍ന്നു വരുന്നു എന്നതിന് മറ്റൊരു ദൃഷ്ടാന്തമായും ഇതിനെ വിലയിരുത്താം എന്നതത്രേ.
 4. മുന്‍പറഞ്ഞപ്രകാരം ദൈവദൂതരോട് ചേര്‍ന്ന് സഭ ആരാധിക്കുന്നു എന്ന് നമ്മുടെ നമസ്കാരങ്ങളിലും ശുശ്രൂഷകളിലും, വിശുദ്ധ കുര്‍ബാനയിലുമുള്ള പ്രാര്‍ത്ഥനകളില്‍ ആവര്‍ത്തിച്ച് കാണാം. ഏതാനും മാതൃകകള്‍ ചുവടെ ചേര്‍ക്കുന്നു.
  (1) രാത്രി നമസ്കാരം പ്രാരംഭ പ്രാര്‍ത്ഥന ഇങ്ങനെ തുടങ്ങുന്നു, “ഉറക്കമില്ലാത്ത ഉണര്‍വ്വുള്ളവനായ എന്‍റെ കര്‍ത്താവേ..”. അവസാന വാചകം ഇവിടെ ഉദ്ധരിക്കാം. “പിതാവും പുത്രനും പരിശുദ്ധാത്മാവുമായുള്ളോവേ! സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നിന്നെ സ്തുതിക്കുന്നവരായ സ്വര്‍ഗ്ഗീയ മാലാഖമാരുടെ തേജസ്സുള്ള (മഹത്വമുള്ള) വൃന്ദങ്ങളോടൊരുമിച്ച് വിശുദ്ധിയോടുകൂടി ഇപ്പോഴും എപ്പോഴും എന്നേക്കും നിന്നെ സ്തുതിച്ച് വാഴ്ത്തുവാന്‍ ഞങ്ങളെ യോഗ്യരാക്കേണമെ.”
  (2) വിശുദ്ധ കുര്‍ബാനയില്‍ ഒരു സെദ്റാ പ്രാര്‍ത്ഥനയില്‍ ഇങ്ങനെ ചൊല്ലുന്നു, “ഭൂമിയിലെ നിന്ദ്യ പൂഴിയായ എന്നെ നിന്‍റെ ദൈവിക രഹസ്യങ്ങളുടെ തിരുനിവാസ സ്ഥാനത്ത് പ്രവേശിക്കുവാന്‍ കരുണയോടെ നീ അര്‍ഹനാക്കി തീര്‍ക്കുകയും നിന്‍റെ ശ്രേഷ്ഠതയുടെ മഹാവിശുദ്ധ സ്ഥലമാകുന്ന മഹോന്നതങ്ങളിലേക്ക് എന്നെ ഉയര്‍ത്തുകയും നിന്നെ സ്തുതിക്കുന്നവരായ ക്രോബകളുടെയും നിനക്ക് ‘പരിശുദ്ധന്‍’ എന്ന് പാടുന്ന സെറാഫുകളുടെയും ഗണത്തില്‍ എന്നെ ചേര്‍ക്കുകയും ചെയ്തിരിക്കുന്നതിനാല്‍ ദൈവമേ! നിന്നെ ഞാന്‍ സ്തോത്രം ചെയ്യുന്നു.”
  (3) വീണ്ടും, വി. കുര്‍ബാനയില്‍ ‘പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍’ എന്ന ത്രിത്വസ്തുതി (ഠൃശമെഴശീി) വളരെ പ്രധാനമാണല്ലോ. ഇതിനായി ദൈവജനത്തെ ഒരുക്കിക്കൊണ്ട് കാര്‍മ്മികന്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥന മാര്‍ ക്സൊസ്തോസിന്‍റെ ക്രമത്തില്‍ ഇങ്ങനെ കാണുന്നു: “കര്‍ത്താവേ! അദൃശ്യസംഘങ്ങളോടും സംഖ്യാതീതമായ കൂട്ടങ്ങളോടും ആത്മീയമായി ചേര്‍ന്നുകൊണ്ട് വിശ്വാസികളായ നിന്‍റെ ജനം മുഴുവനും സെറാഫുകളെപ്പോലെ ‘പരിശുദ്ധന്‍’ എന്ന് പാടി ഉച്ചസ്വരത്തില്‍ നിന്നെ മഹത്വപ്പെടുത്തുന്നു.”
  (4) ദൈവദൂതരുടെ സ്വര്‍ഗ്ഗീയ ആരാധനയിലേക്ക് കടന്നുചെല്ലാനും അവരുടെ കീര്‍ത്തനശബ്ദം കേള്‍പ്പാനും ആ ആരാധനയില്‍ പങ്കുചേരാനും കൃപ ലഭിച്ച പരിശുദ്ധര്‍ അവരുടെ അനുഭവം പ്രാര്‍ത്ഥനകളിലൂടെ തന്നെ പങ്കുവെയ്ക്കുന്നതായി കാണാം. ഉദാഹരണമായി നമ്മുടെ നമസ്കാരത്തില്‍ രഹസ്യപ്രാര്‍ത്ഥന ഞായര്‍ രാത്രി ഒന്നാം കൗമയില്‍ ഇങ്ങനെ ചൊല്ലുന്നു: “എന്‍റെ കര്‍ത്താവേ! നിന്‍റെ പെരുമയെ ആഘോഷിക്കുന്ന മേലുള്ള സൈന്യങ്ങളുടെ ഭയങ്കരമായ ആര്‍പ്പ് എന്‍റെ ആത്മചെവികള്‍ കൊണ്ട് കേള്‍പ്പാന്‍ ഈ സമയത്ത് കൃപയോടെ എന്നെ യോഗ്യനാക്കേണമെ. കര്‍ത്താവായ യേശുമശിഹാ! ഈ സമയത്ത് നിന്‍റെ പരിശുദ്ധന്മാരുടെ ബോധത്തിന് കേള്‍ക്കപ്പെടാവുന്ന സംഗീതത്തെയും പുകഴ്ചയെയും കേള്‍പ്പാന്‍ എനിക്ക് സംഗതിയാക്കേണമെ. കര്‍ത്താവായ യേശുമശിഹാ! പ്രാര്‍ത്ഥനാസമയത്ത് പ്രത്യക്ഷപ്പെടുന്ന അഗ്നിമയരെ കാണുന്നതിനും അവരില്‍ നിന്നു വീശുന്ന സുഗന്ധവാസനയേറ്റ് ആനന്ദിക്കുന്നതിനും കൃപയോടെ എന്നെ യോഗ്യനാക്കേണമെ.” ഇതേ പ്രാര്‍ത്ഥന തന്നെ രഹസ്യ പ്രാര്‍ത്ഥന ശനി രാത്രി നാലാം കൗമയിലും ഇതേപടി ആവര്‍ത്തിക്കുന്നു.
  (5) ആരാധനയില്‍ ദൈവദൂതരുടെ സാന്നിദ്ധ്യവും സംസര്‍ഗ്ഗവും സംബന്ധിച്ച് നാം ചിന്തിക്കുകയായിരുന്നു മുന്‍ ഖണ്ഡികകളില്‍. കര്‍ത്താവിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന മറ്റൊരു പാഠവും കൂടി ഇവിടെ നാം ചേര്‍ത്ത് ചിന്തിക്കേണ്ടതുണ്ട്. യേശുതമ്പുരാന്‍റെ ജീവിതത്തില്‍ രണ്ട് നിര്‍ണ്ണായക നിമിഷങ്ങളില്‍ ദൈവദൂതരുടെ സാന്നിദ്ധ്യം സുവിശേഷങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുന്നു. ഒന്നാമത്തേത് പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭം ആണ്. ഏറ്റം ഒടുവില്‍ വിശുദ്ധ മത്തായി ശ്ലീഹാ രേഖപ്പെടുത്തുന്നത്, “അപ്പോള്‍ പിശാച് അവനെ വിട്ടുപോയി, ദൂതര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു” (മത്തായി 4:11). പിശാചുമായുള്ള പോരാട്ടത്തിനൊടുവില്‍ ദൈവദൂതരുടെ സാന്നിദ്ധ്യം ഉണ്ടായതായി ഇവിടെ കാണുന്നു. അതോടൊപ്പം നാല്‍പത് നാള്‍ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ഏകാന്തതയില്‍ കഴിഞ്ഞ പശ്ചാത്തലവും നാം പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രാര്‍ത്ഥനയും പോരാട്ടവും സാന്ത്വനിപ്പിക്കുന്ന ദൈവദൂതസാന്നിധ്യവും ചേര്‍ന്നിണങ്ങി വരുന്ന നിമിഷങ്ങള്‍ ജീവിതത്തെ സ്വച്ഛവും സുന്ദരവുമാക്കുന്നു. ഗത്സമന തോട്ടത്തിലും ഈ അനുഭവം ആവര്‍ത്തിക്കുന്നു. പശ്ചാത്തലം ഏകാന്തതയില്‍ പ്രാര്‍ത്ഥനയും ദൈവസംസര്‍ഗ്ഗവും തന്നെ. പോരാട്ടം തന്നെ സന്ദര്‍ഭം. എന്നാല്‍ പോരാട്ടം പിശാചിനു പകരം ആള്‍രൂപം പൂണ്ട പൈശാചിക ശക്തികളോടായിരുന്നു. സുവിശേഷകനായ ലൂക്കോസ് രേഖപ്പെടുത്തുന്നു, “യേശുവിനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ അവനു പ്രത്യക്ഷനായി” (ലൂക്കോസ് 22:43).
  (6) ദൈവദൂതരുടെ സാന്നിദ്ധ്യവും സംസര്‍ഗ്ഗവും സവിശേഷമായും രുചിച്ചറിഞ്ഞ പുണ്യപിതാവായിരുന്നു പരിശുദ്ധ ഗീവര്‍ഗീസ് രണ്ടാമന്‍ ബാവ. ആ പിതാവിന്‍റെ ജീവിത പശ്ചാത്തലം പ്രാര്‍ത്ഥനയും നിഷ്ഠയോടെയുള്ള അനുഷ്ഠാനവുമായിരുന്നു. ശുശ്രൂഷാ സന്ദര്‍ഭം പോരാട്ടത്തിന്‍റേതായിരുന്നു. ദൈവസന്നിധിയില്‍ നിന്നുകൊണ്ട് ദൈവദൂതര്‍ അര്‍പ്പിക്കുന്ന സ്തുതിഗീതം കേള്‍ക്കാനും അതില്‍ പങ്കുചേരാനുമുള്ള കൃപാവരം പരിശുദ്ധ പിതാവിനുണ്ടായിരുന്നു. ബാവാ തിരുമനസ്സിനോട് സഹകരിച്ചവര്‍ ഇത് സാക്ഷിക്കുന്നുണ്ട്. പിതാവിന്‍റെ ജീവിതത്തില്‍ മൂന്ന് സന്ദര്‍ഭങ്ങള്‍ പ്രത്യേകമായും എടുത്തുകാട്ടുന്നു: പരുമല സെമിനാരി, കുണ്ടറ സെമിനാരി, തിരുവനന്തപുരം പാളയം കത്തീഡ്രല്‍ പള്ളി മുറ്റത്ത് ഉലാത്തിക്കൊണ്ടിരുന്നപ്പോള്‍. മൂന്നിടത്തും ആരാധനയിലല്ല മറ്റു ജീവിത സന്ദര്‍ഭങ്ങളിലാണ് ഈ അനുഭവം. ദൈവദൂതരുടെ ഭാഷ സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ഭാഷാവരം പിതാവിനുണ്ടായിരുന്നതായി സാക്ഷ്യപ്പെടുത്തുന്നു. 1 കോരി. 13:1-ല്‍ ദൈവദൂതരുടെ ഭാഷ സംബന്ധിച്ച് പൗലോസ് അപ്പോസ്തോലന്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ.
  (7) സമാനമായ മറ്റൊരു അനുഭവം. ഒരു മുത്തശ്ശിയില്‍ നിന്ന് കേട്ടത് ഇവിടെ കുറിക്കുന്നു. ഒരു സാധാരണ ചെറുപ്പക്കാരിയായ കുടുംബ നായിക. എങ്കിലും ഭക്ത. പ്രാര്‍ത്ഥനയും വേദവായനയും ആരാധനയും മുടക്കാതെ നിഷ്ഠയില്‍ ജീവിതം നയിക്കുന്നു. നാലു മക്കളുടെ അമ്മയായിരുന്ന കാലത്ത് ഭര്‍ത്താവ് രോഗിയായി അകലെ ആശുപത്രിയില്‍ ചികിത്സയിലായി. ഏതാണ്ട് മൂന്നു മാസം ഭര്‍ത്താവിന് അവിടെ കഴിയേണ്ടി വന്നു. കര്‍ഷക കുടുംബം. കൃഷിയിടം, വളര്‍ത്തുമൃഗങ്ങള്‍, കൃഷിപണിക്കാര്‍, കുഞ്ഞുങ്ങള്‍, ഇങ്ങനെ ജീവിതഭാരങ്ങള്‍. അല്ലലില്ല, എന്നാലും അദ്ധ്വാനം വേണം. അതോടൊപ്പം ഭര്‍ത്താവിന്‍റെ അനാരോഗ്യം ഓര്‍ത്തുള്ള ദുഃഖവും; എങ്കിലും ദൈവാശ്രയം കൈവിട്ടില്ല. രാത്രിയില്‍ സ്വപ്നമെന്ന് പറയാമെങ്കിലും അതിലുമപ്പുറമുള്ള ദൈവദൂതരുടെ സാന്നിദ്ധ്യം, അവര്‍ വന്നു പ്രാര്‍ത്ഥന പഠിപ്പിക്കുന്നു. അത് കാണാപ്പാഠം ചൊല്ലുന്നു. പ്രാര്‍ത്ഥന മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു. ആശ്വാസവും ആനന്ദവും നിറഞ്ഞ ദിനങ്ങളായിരുന്നു ദൈവദൂത സംസര്‍ഗ്ഗത്തിന്‍റെ ആ നാളുകള്‍. ഒരു ദുഃഖം ബാക്കി നില്‍ക്കുന്നു അമ്മച്ചിക്ക്. ദൂതര്‍ പഠിപ്പിച്ച പ്രാര്‍ത്ഥന കുറെനാള്‍ ചൊല്ലി നടന്നു. എന്നാല്‍ ആരെയെങ്കിലും പഠിപ്പിക്കാനോ കുറിച്ചുവെക്കാനോ തോന്നിയില്ല. പിന്നെ മറന്നുപോയി. വിശുദ്ധ ജീവിതം നയിക്കുന്ന സാധാരണക്കാരുടെ ജീവിതത്തിലും ദൈവദൂതരുടെ സാന്നിദ്ധ്യവും സംസര്‍ഗ്ഗവും ഉണ്ടാവും എന്നതിന് ഇത്തരം അനുഭവങ്ങള്‍ ധാരാളം ഭക്തര്‍ക്ക് പറയാനുണ്ടാവും.
  (8) “ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍; അവര്‍ ദൈവത്തെ കാണും” എന്ന കര്‍ത്താവിന്‍റെ വചനവും (മത്തായി 5:8) “ശുദ്ധീകരണം കൂടാതെ കര്‍ത്താവിനെ കാണുകയില്ല” (എബ്രാ. 12:14) എന്ന് അപ്പോസ്തോലന്‍ പങ്കുവെയ്ക്കുന്നതും ഈ സന്ദര്‍ഭം മുന്‍പറഞ്ഞു വരുന്ന ചിന്തകളോട് ചേര്‍ത്ത് വെയ്ക്കാം. ഹൃദയം നിര്‍മ്മലീകരിക്കപ്പെടുമ്പോള്‍ അത് സ്വച്ഛസ്ഫടിക സമാനമായി തീരുന്നു. ബോധം ഏറെയേറെ തെളിവാര്‍ന്ന് വരുന്നു. ആന്തരേന്ദ്രിയങ്ങളെല്ലാം വെളിവായി പ്രകാശിതമാവുന്നു. ബോധം ബോധാതീതത്തിലേക്ക് ഉള്‍പ്രവേശിക്കുന്നു. അഥവാ ബോധാതീതം ബോധത്തില്‍ കണ്ണാടിയിലെന്നപോലെ തെളിയുന്നു. ദൈവസാന്നിദ്ധ്യം അനുഭവിച്ചറിയുന്നു. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ദൈവദൂതരെ കാണുന്നു. അവരുടെ കീര്‍ത്തനാലാപം കേള്‍ക്കുന്നു (യെശ. 6:5, യെഹ. 3:12). ക്രിസ്തീയ ജീവിതത്തിന്‍റെ ആത്യന്തികമായ ഭാഗധേയം സ്വച്ഛവും ശുദ്ധവും സ്വതന്ത്രവുമായ ജീവിതം വഴി ബോധാതീതത്തെ ബോധത്തിലുറപ്പിക്കാനാവുന്നതും കാലാതീതത്തെ ഇക്കാലാനുഭവമായി രുചിച്ചറിയാനാവുന്നതും കാലസമ്പൂര്‍ണ്ണതയില്‍ മുഖാമുഖമാവുന്നിടം വരെ വളര്‍ന്നുയരുന്നതുമാകുന്നു. ദൈവസന്നിധിയില്‍ ദൈവദൂതരോട് ചേര്‍ന്നും കലര്‍ന്നുമുള്ള നമ്മുടെ ആദ്ധ്യാത്മിക ജീവിതം വര്‍ത്തമാനവും ഭാവിയും എന്നും ഇഹവും പരവും എന്നുമുള്ള അന്തരം നേര്‍ത്തുനേര്‍ത്തില്ലാതെയായി നിത്യതയിലേക്ക് പ്രവേശിച്ച് അതിന്‍റെ പൂര്‍ണ്ണതയിലേക്ക് നീങ്ങുകയായി. വിശ്വാസം അനുഭവമായും അനുഭവം ബോധ്യമായും ബോധ്യം ജീവിത ദര്‍ശനമായും പരിവര്‍ത്തനം വന്നുറയ്ക്കും വരെ അനുഷ്ഠാനം നിഷ്ഠയോടെ തുടരാം.