പരിഷ്ക്കരിച്ച വേദവായനക്കുറിപ്പിന് ഒരു വിയോജനക്കുറിപ്പ് / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്


കോട്ടയം എം. ഒ. സി. പബ്ലിക്കേഷന്‍സ് 1988-ലും 1992-ലും പ്രസിദ്ധീകരിച്ച, സഭയുടെ വിശുദ്ധ വേദവായനക്കുറിപ്പിന്‍റെ പരിഷ്ക്കരിച്ച പതിപ്പിനെ ആസ്പദമാക്കി ചില വിയോജനക്കുറിപ്പുകള്‍ ഇവിടെ നല്‍കുന്നു. ഈ കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ എന്‍റെ മുമ്പില്‍ വായനപ്പടിയുടെ നാലു പതിപ്പുകള്‍ ഉണ്ട്. ഒന്ന് സെമിനാരി ഗ്രന്ഥശാലയോടു ചേര്‍ന്നുള്ള പുരാവസ്തുശേഖരത്തില്‍ നിന്നും എടുത്തിട്ടുള്ള ഒരു സുറിയാനി വേദവായനക്കുറിപ്പാണ്. ഇത് 1896-ല്‍ കോട്ടയം മാര്‍ത്തോമ്മന്‍ സെമിനാരി മുദ്രാലയത്തില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. മറ്റൊന്ന് കോട്ടയം ഓര്‍ത്തഡോക്സ് ചര്‍ച്ച് ബുക്ക് ഹൗസ് (വര്‍ഷം കൊടുത്തിട്ടില്ല) പ്രസിദ്ധീകരിച്ചിട്ടുള്ളതാകുന്നു. മുന്‍പറഞ്ഞ പരിഷ്ക്കരിച്ച പതിപ്പുകളാണ് മറ്റ് രണ്ടെണ്ണം.
വേദവായനക്കുറിപ്പില്‍ വരുത്തിയിട്ടുള്ള പ്രധാന പരിഷ്ക്കാരം കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഒറ്റ വായനയില്‍ തന്നെ മനസ്സിലാകുന്നതും പ്രബോധനത്തിന് ഉതകുന്നതുമായ വേദഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരിക്കുന്നു എന്നുള്ളതാണ്. ഈ ശ്രമത്തിനിടയില്‍, ഉദ്ദേശ്യശുദ്ധിയോടെയാണെങ്കിലും ആരാധനാകാലത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ കണക്കിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.
വിസ്തരഭയത്താല്‍ വിശദമായ ഒരു വിലയിരുത്തലിന് ഇപ്പോള്‍ മുതിരുന്നില്ല. ചില ദിനങ്ങളിലെ വേദവായനകള്‍ പരിശോധിച്ച് അപാകതകള്‍ ചുണ്ടിക്കാണിക്കുക മാത്രമേ ചെയ്യുന്നുള്ളു. ആരാധനാകാലത്തിന്‍റെ പ്രസക്തിയും അതില്‍ ഓരോ ദിനവും ഉള്‍ക്കൊള്ളേണ്ട പ്രത്യേക ദൂതും ഗൗരവമായി പരിഗണിക്കാതെ വായനപ്പടിയില്‍ ഉടനീളം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. സഭാശുദ്ധീകരണ പെരുന്നാളിലേയും സഭാപ്രതിഷ്ഠാപ്പെരുനാളിലേയും വായനകളില്‍ വരുത്തിയിരിക്കുന്ന പരിഷ്ക്കാരങ്ങള്‍ ഇതിന് ഉദാഹരണമാണ്.
ഇവ കൂടാതെ മറ്റ് ഉദാഹരണങ്ങളും എടുത്തു കാണിക്കാനുണ്ട്. പരിഷ്ക്കരിച്ച വായനപ്പടിയില്‍ ചില ഞായറാഴ്ചകള്‍ക്കും മോറോനോയോ പെരുനാളുകള്‍ക്കും ‘മാതാപിതാക്കളുടെ ദിനം’ (സ്ക്കറിയായോടുള്ള അറിയിപ്പിന്‍റെ ഞായറാഴ്ച), ‘വനിതാ ദിനം’ (ഏലിശുബായുടെ അടുക്കലേക്കുള്ള മറിയാമിന്‍റെ യാത്രയുടെ ഞായറാഴ്ച), ‘ശിശുദിനം’ (യോഹന്നാന്‍ മാംദാനയുടെ ജനനത്തിന്‍റെ ഞായറാഴ്ച), ‘തൊഴിലാളി ദിനം’ (ദനഹായുടെ ശേഷം നാലാം ഞായറാഴ്ച), ‘വയോധിക ദിനം’ (നമ്മുടെ കര്‍ത്താവിന്‍റെ ദേവാലയപ്രവേശം), ‘കാര്യവിചാരകത്വ ദിനം’ (വലിയ നോമ്പിലെ ആറാം ഞായറാഴ്ച), ‘ബാലികാ ബാലദിനം’ (ഓശാന ഞായറാഴ്ച), ‘യുവാക്കളുടെ ഞായറാഴ്ച’ (പുതു ഞായറാഴ്ച), ‘സന്യാസികളുടെ ഞായറാഴ്ച’ (പെന്തിക്കോസ്തിക്കു മുമ്പുള്ള ഞായറാഴ്ച), ‘മദ്യവര്‍ജ്ജന പ്രചാരണ ദിനം’ (ജനുവരിയിലെ ഒടുവിലത്തെ ഞായറാഴ്ച) എന്നിങ്ങനെ പേരു നല്‍കി അതിന് അനുസൃതമായ പുതിയ വേദഭാഗങ്ങള്‍ വായനപ്പടിയില്‍ ചേര്‍ത്തിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ പുതിയവ പഴയതിനോട് കൂട്ടിച്ചേര്‍ത്തതാണ്. മറ്റു ചില സന്ദര്‍ഭങ്ങളില്‍ പഴയ വേദഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പുതിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ വായനകളുടെ ഉള്ളടക്കം ഊന്നല്‍ നല്‍കുന്നത് ആരാധനാകാലത്തില്‍ ആ പ്രത്യേകദിനത്തിനുള്ള ദൂതല്ല, പിന്നെയോ പുതുതായി കൊണ്ടുവന്നിരിക്കുന്ന പേരുകള്‍ സൂചിപ്പിക്കുന്ന ആശയങ്ങള്‍ക്കാണ്.
സ്ക്കറിയായോടുള്ള അറിയിപ്പിന്‍റെ ഞായറാഴ്ചയിലെ വായനകള്‍ ഇതിനുദാഹരണമാണ്. പുതിയ വായനപ്പടിയില്‍ പഴയതില്‍നിന്നും കാര്യമായ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. ‘മാതാപിതാക്കളുടെ ദിനം’ എന്ന് ഈ ഞായറാഴ്ചക്ക് പേരു കൊടുത്തശേഷം ഭാര്യാഭര്‍ത്തൃബന്ധം, കുടുംബബന്ധം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന വേദഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്! സന്ധ്യയുടേയും പ്രഭാതത്തിന്‍റെയും നമസ്ക്കാരങ്ങള്‍ക്ക് പുതിയ സുവിശേഷഭാഗങ്ങള്‍ നല്‍കിയിരിക്കുന്നു. സന്ധ്യയുടെ വായന വിവാഹശുശ്രൂഷയ്ക്കു വായിക്കുന്ന സുവിശേഷഭാഗമാണ് (മത്താ.19:3-12)! വി. കുര്‍ബ്ബാനയ്ക്ക് പഴയനിയമത്തില്‍ നിന്ന് നാലു വായനകള്‍ കൂടി കൊടുത്തിട്ടുണ്ട്. എല്ലാം കുടുംബബന്ധങ്ങളെപ്പറ്റി പ്രബോധനം നല്‍കാന്‍ പര്യാപ്തമായവയാണ്. വി. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍ നിന്നും റോമ 4:13-25 ന് പകരം വിവാഹശുശ്രൂഷയ്ക്ക് വായിക്കാനുള്ള എഫേ 5:21-6:4 ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ പുതുതായി ചേര്‍ത്ത വേദഭാഗങ്ങള്‍ എല്ലാം തന്നെ ആ ദിനത്തിന് ‘മാതാപിതാക്കളുടെ ദിനം’ എന്നു വിളിക്കുന്നതി ന്‍റെ പ്രസക്തി സ്പഷ്ടമാക്കുന്നവയാണ്.
മറ്റൊരുദാഹരണമാണ് ‘ഏലിശ്ബായും മറിയയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഞായറാഴ്ച’യിലെ വായനകള്‍. ‘വനിതാ ദിനം’ എന്ന് ഈ ഞായറാഴ്ചക്ക് പേരു നല്‍കിയിട്ടുണ്ട്. ദൈവത്തിന്‍റെ രക്ഷാപദ്ധതിയില്‍ പങ്കുകാരാകാന്‍ ഭാഗ്യം സിദ്ധിച്ച രണ്ടു സ്ത്രീരത്നങ്ങളാണ് മറിയയും ഏലിശ്ബയും. ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതിന് സ്ത്രീകളെ പ്രബോധിപ്പിക്കാന്‍ സ്വാഭാവികമായും ഈ ദിനം ഉപയോഗിക്കാം. എങ്കിലും പ്രബോധനത്തിന് മുന്‍ഗണനകൊടുത്ത് ആരാധനാകാലത്തിന് ഇണങ്ങാത്ത വായനകള്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല. എന്നാല്‍ ഇവിടെ അങ്ങനെയാണ് സംഭവിച്ചിരിക്കുന്നത്. പ്രഭാതപ്രാര്‍ത്ഥനയ്ക്കുള്ള സുവിശേഷഭാഗം യോഹ. 20:1-18 ആണ്. യേശുവിന്‍റെ പുനരുത്ഥാനത്തിനോടു ബന്ധപ്പെട്ട സംഭവം ആണ് പ്രതിപാദ്യവിഷയം. യേശുവിന്‍റെ പുനരുത്ഥാനത്തി ന് സാക്ഷിയായിത്തീര്‍ന്ന മഗ്ദലക്കാരി മറിയ ശ്രദ്ധയര്‍ഹിക്കുന്ന വ്യക്തിയായി ഈ ഭാഗത്ത് കാണാന്‍ കഴിയും. എന്നാല്‍ യോഹന്നാന്‍റെയും യേശുവിന്‍റെയും ജനനത്തെ അനുസ്മരിപ്പിക്കുന്ന പെരുന്നാളുകളുടെ പശ്ചാത്തലത്തി ല്‍ പുനരുത്ഥാനത്തോടു ബന്ധപ്പെട്ട വേദഭാഗം ഒട്ടും ചേര്‍ന്നു വരുന്നില്ല. മറ്റൊരു ഭേദഗതി വി. കുര്‍ബ്ബാനകള്‍ക്കുള്ള പഴയനിയമ വായനകളും ശ്ലീഹാവായനകളും അപ്പാടെ മാറ്റി സ്ത്രീകള്‍ക്ക് പ്രബോധനം നല്‍കാന്‍ ഉതകുന്ന വായനകള്‍ ചേര്‍ത്തിരിക്കുന്നു എന്നതാണ്. ഒന്നും ആരാധനാകാലത്തോട് നീതി പുലര്‍ത്തുന്നവയല്ല.
ആരാധനാകാലത്തിന്‍റെ പൊതുവായ ചിന്തയോടിണങ്ങി നില്‍ക്കുന്നവയായിരുന്നു പഴയ വായനപ്പടിയില്‍ ക്രമീകരിച്ചിരുന്ന വേദഭാഗങ്ങള്‍. അവയില്‍ നിന്നും സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങള്‍ പ്രബോധനങ്ങ ള്‍ക്ക് വിഷയമാക്കാവുന്നതാണ്. എന്നാല്‍ പ്രബോധനത്തിനുള്ള വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പുതിയ വായനകള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നഷ്ടമായത് ആരാധനാകാലവും വേദവായനകളും തമ്മിലുള്ള ചേര്‍ച്ചയാണ്. മാത്രമല്ല, ആരാധനാകാലങ്ങള്‍ തമ്മിലും ദിനങ്ങള്‍ തമ്മിലുമുള്ള ബന്ധവും തുടര്‍ച്ചയും പുതിയ പരിഷ്ക്കാരത്തില്‍ ചോര്‍ന്നു പോയി എന്നു കാണാം. ഇത് ഗൗരവമര്‍ഹിക്കുന്ന ഒരു അപാകത തന്നെയാണ്.
ഇവിടെ സംഗതമായ ഒരു ചോദ്യം ഉണ്ട്. കാലിക പ്രാധാന്യമുള്ള സാമൂഹിക പ്രശ്നങ്ങള്‍ ആരാധനയില്‍ വിഷയമാക്കേണ്ടതല്ലേ? ഇത്തരം പരിഷ്ക്കാരങ്ങള്‍ പ്രത്യക്ഷത്തില്‍ ആകര്‍ഷകമായി തോന്നാം. സഭയ്ക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് ഒരു ധാരണയുണ്ടാക്കാന്‍ സഹായിച്ചെന്നു വരാം. പള്ളി പ്രബോധനങ്ങളില്‍ നേരിടുന്ന വിഷയദാരിദ്ര്യം പരിഹരിക്കാം. ആരാധനയ്ക്ക് വൈവിധ്യവും ആകര്‍ഷണീയതയുമുണ്ടാക്കാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ ഇതുമൂലം ആരാധനയുടെ ആദ്ധ്യാത്മിക സമ്പന്നത നഷ്ടമാവുക തന്നെ ചെയ്യും. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ കണ്ടെത്തി അതിന് അനുസൃതമായ വേദവായനകള്‍ നിര്‍ദ്ദേശിച്ച് ആരാധന സാമൂഹ്യവല്‍ക്കരിക്കാനുള്ള ശ്രമം പാശ്ചാത്യസഭകളില്‍ ഇന്ന് സാധാരണമാണ്. ഇതിന്‍റെ ഫലമായി സുവിശേഷം ഒന്നുകില്‍ സാമൂഹ്യസുവിശേഷമായി അധഃപതിച്ചു. അല്ലെങ്കില്‍ ഇതിന് ഘടകവിരുദ്ധമായി സാമൂഹ്യപ്രതിബദ്ധതയില്ലാത്ത, തീര്‍ത്തും ‘ആത്മീയ’ സുവിശേഷമായതു മാറി. രണ്ടു സമീപനങ്ങളിലെയും അപാകതകള്‍ ഒഴിവാക്കി ആരാധന സന്തുലിതമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കണം.
ഈ ചര്‍ച്ചയുടെ വെളിച്ചത്തില്‍ മൂന്നു നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നു.

  1. വായനപ്പടിയില്‍ അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്താവുന്നതാണ്. എന്നാല്‍ ആരാധനാകാലത്തിന്‍റെ മുഖ്യദൂതിന് ഇണങ്ങുന്നവയാകണം പുതുതായി നിര്‍ദ്ദേശിക്കുന്ന വേദവായനകള്‍.
  2. ആരാധനാകാലത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് രണ്ടോ മൂന്നോ വായനപ്പടികള്‍ തയ്യാറാക്കി ഓരോ വര്‍ഷവും മാറിമാറി അവ ഉപയോഗിക്കാവുന്നതാണ്.
  3. സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റി വിശ്വാസികളെ പ്രബോധിപ്പിക്കുന്നതിനുള്ള മാധ്യമമായി ആരാധന തരംതാഴ്ന്നുകൂടാ. അതേ സമയം ആരാധനാകാലത്തിനു ചേരുന്ന വേദഭാഗങ്ങളില്‍ നിന്നും സ്വാഭാവികമായി ഉയരുന്ന ചിന്തകളെ സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഉചിതമായി പ്രബോധനങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം.
    ഉപസംഹാരം
    വേദവായനക്കുറിപ്പിലുള്ള ഓരോ ദിവസത്തേയും വേദവായനകള്‍ ക്രമീകരിച്ചിരിക്കുന്നതിനു പിന്‍പില്‍ ദൈവശാസ്ത്രപരവും ആരാധനാപരവുമായ ഒരു സങ്കല്‍പ്പവും സമീപനവും ഉണ്ടെന്ന് സൂക്ഷ്മപരിശോധനയില്‍ വ്യക്തമാകും. ആരാധനാവര്‍ഷത്തിലെ കാലങ്ങളും ദിനങ്ങളും ഉചിതമായ വായനകള്‍ കൊണ്ട് ചേര്‍ത്തിണക്കി സമ്പന്നവും സുന്ദരവുമാക്കിയിരിക്കുന്നു. പരിശുദ്ധ പിതാക്കന്മാരുടെ ആഴമായ അനുഭവങ്ങളിലൂടെയും ധ്യാനമനനങ്ങളിലൂടെയും രൂപംകൊണ്ട മഹത്തായ ഒരു ആരാധനാപാരമ്പര്യമാണ് നമുക്കുള്ളത്. അത് വേണ്ടത്ര അന്വേഷണവും പഠനവും കൂടാതെ ആര്‍ക്കും കൈകാര്യം ചെയ്യാവുന്നതല്ല.