മലങ്കരയില്‍ നിന്നും സ്നേഹപൂര്‍വ്വം: ഒരു സേര്‍ബിയന്‍ യാത്രാവിവരണം2010 ഒക്ടോബര്‍ 3 ഞായറാഴ്ച സേര്‍ബിയായിലെ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പ. ഇറിനേയ് (ഐറേനിയോസ്) പിതാവ് പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ടു. ഈ പാത്രിയര്‍ക്കാ വാഴ്ചയുടെ ശുശ്രൂഷയില്‍ സംബന്ധിക്കുന്നതിനാണ് ഞാന്‍ സേര്‍ബിയയില്‍ എത്തിയത്. ഒരു കോടി വിശ്വാസികളും, പാത്രിയര്‍ക്കീസ് ഉള്‍പ്പെടെ 50 മേല്‍പട്ടക്കാരും ബഹുശതം പട്ടക്കാരും അടങ്ങുന്നതാണ് സേര്‍ബിയന്‍ സഭ. ബെല്‍ഗ്രേഡ് ആണ് സഭയുടെ ആസ്ഥാനം. ബെഓഗ്രാഡ് എന്നാണ് ബെല്‍ഗ്രേഡിന്‍റെ ശരിപ്പേര്. ‘വെളുത്ത നഗരം’ എന്നര്‍ത്ഥം. സെര്‍ബിയയുടെ തലസ്ഥാനവും ആണ് ബെല്‍ഗ്രേഡ്.

ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച സേര്‍ബിയന്‍ സമയം ഉച്ച കഴിഞ്ഞ് 2 മണിക്ക് ബെല്‍ഗ്രേഡ് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ പാത്രിയര്‍ക്കീസിന്‍റെ സഹായ എപ്പിസ്ക്കോപ്പാ അത്താനാസിയോസും, വ്ളാഡിമിര്‍ വ്റാനിച്ച് അച്ചനും സൊറാന്‍ അലക്സിസ് ശെമ്മാശ്ശനും ഏതാനും വിശ്വാസികളും എന്നെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. പോലീസ് അകമ്പടിയോടെ രാഷ്ട്രത്തിന്‍റെ ഔദ്യോഗിക അതിഥികള്‍ എന്ന പദവിയിലായിരുന്നു പാത്രിയര്‍ക്കേറ്റിലേക്കുള്ള യാത്ര.

ബൈസെന്‍റൈന്‍ ഓര്‍ത്തഡോക്സ് കുടുംബത്തില്‍പെട്ട അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പ. ഇഗ്നാത്തിയോസ് പിതാവിന്‍റെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് നിഫോണ്‍ ഈസ്റ്റാംബൂള്‍ മുതല്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. പാത്രിയര്‍ക്കാ ആസ്ഥാനത്തിനടുത്തുള്ള ബാല്‍ക്കണ്‍ ഹോട്ടലിലായിരുന്നു വിശിഷ്ടാതിഥികള്‍ക്ക് താമസമൊരുക്കിയിരുന്നത്. അന്നു വൈകുന്നേരം എട്ടു മണിക്ക് വിശിഷ്ടാതിഥികള്‍ക്കായി ഒരുക്കിയ സ്വീകരണ വിരുന്നില്‍ ഞാനും സംബന്ധിച്ചു. ബൈസെന്‍റൈന്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തിലെ ഏതാണ്ട് എല്ലാ സഭകളില്‍ നിന്നും പ്രതിനിധികളെത്തിയിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഹിലാരിയോണ്‍ മെത്രാപ്പോലീത്തായും സംഘവും, സൈപ്രസിലെ ആര്‍ച്ച് ബിഷപ്പ് ക്രോസ്റ്റമോസ് രണ്ടാമന്‍ പിതാവും സംഘവും ഗ്രീസില്‍ നിന്ന് ഫെയോലോഗോസ് പിതാവും സംഘവും അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും മല്‍ക്കിസദേക്ക് എപ്പിസ്ക്കോപ്പായും സംഘവും ഇങ്ങനെ എല്ലാ ബൈസെന്‍റൈന്‍ സഭകളില്‍ നിന്നും സഭാദ്ധ്യക്ഷന്മാരും പ്രതിനിധികളും എത്തിയിരുന്നു. ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് കരേക്കിനും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഞാനുമുണ്ടായിരുന്നു. റോമന്‍ കത്തോലിക്കാ സഭയുടെ പ്രതിനിധിയായി റോമില്‍ നിന്ന് മോണ്‍സിഞ്ഞോര്‍ കുര്‍ട്ടകോഹും സംഘവും ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിന്‍റെ പ്രതിനിധിയായി ജൊനാഥാന്‍ ഗുഡോര്‍ അച്ചനും, ഡൊണാള്‍ഡ് റീവ്സ് അച്ചനുമുണ്ടായിരുന്നു. അഖിലലോക സഭാ കൗണ്‍സിലിന്‍റെ പ്രതിനിധികളായി രണ്ടുപേര്‍ എത്തിയിരുന്നു. പ്രൊട്ടസ്റ്റന്‍റ് സഭകളില്‍ നിന്നുള്ള പ്രതിനിധികളും യഹൂദമതത്തെ പ്രതിനിധീകരിച്ചും മറ്റ് അന്താരാഷ്ട്ര സംഘടനകളെ പ്രതിനിധീകരിച്ചും വിശിഷ്ടാതിഥികള്‍ ഉണ്ടായിരുന്നു. ലോകത്തിന്‍റെ അങ്ങോളമിങ്ങോളമുള്ള വിവിധ സഭകളെയും മതങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് എത്തിയ 50 വിശിഷ്ടാതിഥികളില്‍ ഈയുള്ളവനുമുണ്ടായിരുന്നു. എല്ലാവരേയും അവരവരുടെ പദവിപ്രകാരമുള്ള മുന്‍ഗണന പാലിച്ചും രാജോചിതമായും സ്വീകരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പരിചയപ്പെടലും, കുശലാന്വേഷണങ്ങളും ഔപചാരികമായും അനൗപചാരികമായും നടന്നു. ഇങ്ങനെ അത്താഴവിരുന്ന് രാത്രി 10.30 വരെ നീണ്ടു. അതിനുശേഷം എല്ലാവരും അവരവരുടെ മുറികളിലേക്ക് മടങ്ങി. കിടക്കയിലേക്ക് പോകുമ്പോള്‍ ഞാന്‍ ചിന്തിച്ചു. “സഭയുടെ സുപ്രധാനമായ ശുശ്രൂഷ മംഗളകരമാക്കുന്നതില്‍ സേര്‍ബിയന്‍ സഭ വളരെ സൂക്ഷ്മതയോടും, കൃത്യതയോടും എല്ലാ ക്രമീകരണങ്ങളും ചെയ്തിരിക്കുന്നു. എല്ലാറ്റിനും ഒരു അടുക്കും ചിട്ടയും… പ്രത്യക്ഷത്തില്‍ വളരെ അനായാസമായും, സ്വാഭാവികമായും നടക്കുന്നു എന്ന് തോന്നും. കാര്യക്ഷമതയുടെ മികവ് അഭിനന്ദനീയം തന്നെ.”

പ. ഇറിനേയ് പിതാവ് പെച്ചിന്‍റെ ആര്‍ച്ച് ബിഷപ്പും ബെല്‍ഗ്രേഡിന്‍റെയും, കാര്‍ലോവ്ചിയുടെയും മെത്രാപ്പോലീത്തായും സേര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസുമാണ്. 80 വയസ്സുള്ള പ. പിതാവ് സേര്‍ബിയന്‍ സഭയുടെ 45-ാമത്തെ പാത്രിയര്‍ക്കീസാണ്. 5 മെത്രാസനങ്ങളും 32 ഭദ്രാസനങ്ങളും സേര്‍ബിയന്‍ സഭയ്ക്കുണ്ട് (ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ മെത്രാസനവും ഭദ്രാസനവും ഒന്നുതന്നെയാണ്). കൂടാതെ സേര്‍ബിയന്‍ സഭയുടെ അധികാരസീമയില്‍ മാസിഡോണിയന്‍ റിപ്പബ്ലിക്കില്‍ സ്വതന്ത്ര അധികാരമുള്ള ഒരു ആര്‍ച്ച് ബിഷപ്പും അദ്ദേഹത്തിന്‍റെ കീഴില്‍ ഒരു മെത്രാസനവും 6 ഭദ്രാസനങ്ങളും ഉണ്ട്. സേര്‍ബിയന്‍ സഭയ്ക്ക് 5 സഹായ എപ്പിസ്ക്കോപ്പാമാരും ഉണ്ട്. അവരിലൊരാള്‍ പാത്രിയര്‍ക്കീസിന്‍റെ സഹായ എപ്പിസ്ക്കോപ്പായാകുന്നു. മുന്‍ സൂചിപ്പിച്ചതുപ്രകാരം വിമാനത്താവളത്തില്‍ ഞങ്ങളെ സ്വീകരിക്കാനെത്തിയ അത്താനാസിയോസ് എപ്പിസ്ക്കോപ്പാ ഈ അഞ്ചുപേരില്‍ ഉള്‍പ്പെടുന്നു.

1219-ല്‍ സേര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭ സ്വയംഭരണാധികാരവും സ്വയംശീര്‍ഷകവുമായ ദേശീയ സഭയായും രൂപംകൊണ്ടു. ഇതിനു നേതൃത്വം നല്‍കിയ പ. ബാവായാണ് ആദ്യത്തെ ആര്‍ച്ച് ബിഷപ്പ്. 1331-1355 കാലഘട്ടത്തില്‍ സേര്‍ബിയയുടെ രാജാവ് സ്റ്റെഫാന്‍ ദുസ്സാന്‍ സാര്‍ (ഠമെൃ) ചക്രവര്‍ത്തി പദത്തിലേക്ക് ഉയര്‍ന്നതോടെ സേര്‍ബിയന്‍ സഭയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്നും പാത്രിയര്‍ക്കീസ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. പെച്ചായിരുന്നു ആസ്ഥാനം. ഇക്കാരണത്താലാണ് സേര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസുമാരുടെ സ്ഥാനാരോഹണം പെച്ചില്‍വച്ച് ഔപചാരികമായി നടത്തുന്നത്. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. സഭയുടെ പാത്രിയര്‍ക്കേറ്റ് അല്ലെങ്കില്‍ കാതോലിക്കേറ്റ് സ്ഥാനത്തേക്കുള്ള വളര്‍ച്ച ആ സഭയുടെ ദേശീയതയിലേക്കുള്ള വളര്‍ച്ചയോട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആ സഭയുടെ അനുക്രമമായ വികാസത്തിന്‍റെ ഭാഗമാണ്. ഇത് ആരുടെയും ആനുകൂല്യമല്ല, ആ സഭയുടെ തന്നെ അവകാശമാണ്. തദ്ദേശീയ സഭയുടെ സ്വാതന്ത്ര്യത്തിന്‍റെയും സ്വത്വത്തിന്‍റെയും സ്വാഭാവികമാനത്തിന്‍റെയും അടയാളമാകുന്നു. ലോകത്തെമ്പാടുമുള്ള ഓര്‍ത്തഡോക്സ് സഭകളുടെ പാരമ്പര്യമിതാണ്. മറുനാട്ടിലെയൊരു ഓര്‍ത്തഡോക്സ് സഭ ഇന്നാട്ടിലെ ഓര്‍ത്തഡോക്സ് സഭയെ ഒരു അതിഭദ്രാസനമായി തരംതാഴ്ത്തുന്നതും അതിന്മേല്‍ അധീശത്വം പുലര്‍ത്തുന്നതും ഓര്‍ത്തഡോക്സ് പാരമ്പര്യത്തിന് നിരക്കുന്നതല്ല. ഈ കീഴ്മേല്‍ സങ്കല്‍പം അധിനിവേശ സംസ്കാരത്തിന്‍റെ അവശിഷ്ടമാണ്, ക്രിസ്തീയമല്ല. ഈ അവസ്ഥ കൂടുതല്‍ ഗര്‍ഹണീയം ആകുന്നത് ദാസഭാവം സ്വാംശീകരിച്ച് അത് അഭിമാനമായി ഉയര്‍ത്തി കണ്ടും, അങ്ങനെ ഒരു സ്വത്വബോധം വളര്‍ത്തിയെടുത്തും അതിനനുസൃതമായി ചരിത്രത്തെ വ്യാഖ്യാനിച്ചും ഇന്നാട്ടില്‍ത്തന്നെ ഒരുപറ്റം ആളുകള്‍ നിലകൊള്ളുന്നു എന്നതാണ്.

റഷ്യ ഉള്‍പ്പെടെ ഉള്ള സ്ലാവിക് രാജ്യങ്ങളില്‍ ജോര്‍ജ്ജിയയ്ക്ക് ശേഷം ക്രിസ്തീയ സഭ രൂപംകൊണ്ട രണ്ടാമത്തെ രാജ്യമാണ് സേര്‍ബിയ. എന്നാല്‍ 869-ന് ശേഷമാണ് രാജ്യം ഒന്നാകെ ക്രിസ്തീയ മതം ആശ്ലേഷിക്കുന്നത്. ശക്തമായ ഒരു സന്യാസപാരമ്പര്യം സേര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുണ്ട്. വിദ്യാസമ്പന്നരായ ധാരാളം യുവതീയുവാക്കള്‍ സന്യാസം സ്വീകരിച്ച് ആശ്രമങ്ങളിലും, മഠങ്ങളിലും ചേരുന്നു. സഭയെ സത്യവിശ്വാസത്തില്‍ നിലനിര്‍ത്തുന്നത് സന്യാസസമൂഹങ്ങളാണ്. സഭയുടെ വിശുദ്ധീകരിക്കുന്ന സാന്നിധ്യമായി സന്യാസസമൂഹങ്ങള്‍ നിലകൊള്ളുന്നു. എല്ലാ ഓര്‍ത്തഡോക്സ് സഭകളിലും എന്നപോലെ സേര്‍ബിയന്‍ സഭയിലും വിവാഹിതരും, അവിവാഹിതരുമായ പട്ടക്കാര്‍ ഉണ്ട്. പട്ടക്കാരുടെ വേദവിദ്യാഭ്യാസം 4 സെമിനാരികളിലായി നടക്കുന്നു. ബെല്‍ഗ്രേഡ് സര്‍വ്വകലാശാലയില്‍ സേര്‍ബിയന്‍ സഭയുടേതായി ഒരു വേദശാസ്ത്രവിഭാഗവും പ്രവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 19, മെയ് 2 തീയതികളില്‍ സേര്‍ബിയക്കാരായ 2 പരിശുദ്ധന്മാരെ വി. തുബ്ദേനില്‍ ചേര്‍ത്തുകൊണ്ടുള്ള മഹത്വീകരണ ശുശ്രൂഷ നടത്തുകയുണ്ടായി.

2010 ഒക്ടോബര്‍ 3-ന് പെച്ചില്‍ ഉള്ള സന്യാസ ആശ്രമത്തിലെ ചാപ്പലില്‍ വെച്ചാണ് സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്. 2010 ജനുവരി 22-ന് കൂടിയ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആണ് പ. ഇറിനേയ് പിതാവിനെ പാത്രിയര്‍ക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. സേര്‍ബിയന്‍ സഭാഭരണഘടനപ്രകാരം പിറ്റേന്ന് തന്നെ സ്ഥാനാരോഹണം നടന്നിരിക്കണം. ആയതിനാല്‍ 2010 ജനുവരി 23-ന് ബെല്‍ഗ്രേഡില്‍ ഉള്ള പാത്രിയര്‍ക്കാ ആസ്ഥാനത്തോട് ചേര്‍ന്ന് പ. മീഖായേല്‍ ദൂതന്‍റെ നാമത്തില്‍ ഉള്ള ചാപ്പലില്‍ വച്ച് സ്ഥാനാരോഹണ ശുശ്രൂഷ നടന്നു. എന്നാല്‍ എല്ലാ സഭകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഔപചാരികമായ സ്ഥാനാരോഹണശുശ്രൂഷ വിപുലമായ ഒരുക്കങ്ങളോടെ ഒക്ടോബര്‍ 3-ന് നടത്തുകയായിരുന്നു. നമ്മുടെ സഭയുടെ പരമാദ്ധ്യക്ഷന്‍ പ. കാതോലിക്കാ ബാവാ തിരുമേനിയെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കുന്നതിന് ക്ഷണിച്ചിരുന്നു. പ. ബാവാ തിരുമേനിയുടെയും, നിയുക്ത കാതോലിക്കാ അഭി. മിലിത്തിയോസ് തിരുമേനിയുടെയും നിര്‍ദ്ദേശപ്രകാരം നമ്മുടെ സഭയെ പ്രതിനിധീകരിച്ച് ഞാന്‍ സംബന്ധിക്കുകയായിരുന്നു.
സ്ഥാനാരോഹണ ശുശ്രൂഷ ഹ്രസ്വമായിരുന്നു. വി. കുര്‍ബ്ബാനമദ്ധ്യേയാണ് ശുശ്രൂഷ നടന്നത്. വി. ഏവന്‍ഗേലിയോന്‍ വായനയ്ക്കുശേഷം, വി. അനാഫോറ തുടങ്ങുന്നതിനു മുമ്പായി (കാര്‍മ്മികന്‍ പദവിയില്‍ കയറി നിന്നുകൊണ്ടുള്ള പ്രാര്‍ത്ഥന തുടങ്ങുന്നതിനു മുമ്പായി) വി. മദ്ബഹായില്‍ സിംഹാസനത്തില്‍ ഇരുത്തിയശേഷം ‘യോഗ്യന്‍ യോഗ്യന്‍’ എന്നര്‍ത്ഥം വരുന്ന ‘ആക്സിയോസ്’ ചൊല്ലുന്നു. വി. മദ്ബഹായിലുള്ളവര്‍ 3 പ്രാവശ്യവും, ഗായകസംഘവും ജനങ്ങളും 3 പ്രാവശ്യവും അങ്ങനെ മൂന്നു തവണ മാറിമാറി ചൊല്ലുന്നു. ‘ആക്സിയോസ്’ എന്നാണ് ഗ്രീക്ക് മൂലം. സുറിയാനി ഭാഷയില്‍ ‘ഓക്സിയോസ്’ എന്നും. സുറിയാനി ഭാഷയില്‍ ആദ്യകാലത്ത് ചിഹ്നങ്ങള്‍ എഴുതിയിരുന്നില്ല. ഗ്രീക്ക് ഭാഷ വേണ്ടത്ര തിട്ടമില്ലാത്തതുകൊണ്ടാവാം, ആദ്യസ്വരാക്ഷരം ‘ആ’ എന്നതിന് പകരം ‘ഒ’ ആയത്. അല്ലെങ്കില്‍ സുറിയാനി ഭാഷയില്‍ ഉച്ചാരണം എളുതായി വരുന്നത് ആ നിലയിലായതു കൊണ്ടാവാം.
വി. കുര്‍ബാനയിലും, ശുശ്രൂഷയിലും അതിനുശേഷം നടന്ന സത്കാരത്തിലും സേര്‍ബിയന്‍ പ്രസിഡന്‍റ് ബോറിസ്റ്റാഡിക് സംബന്ധിച്ചിരുന്നു. മുസ്ലീം സമുദായത്തെ പ്രതിനിധീകരിച്ച് പുരോഹിതരും ഉണ്ടായിരുന്നു. പെച്ച് കൊസാവ മേഖലയില്‍ ഉള്‍പ്പെടുന്നു. കൊസാവ സേര്‍ബിയയുടെ ഭാഗമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് സ്വതന്ത്ര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു. സേര്‍ബിയ ഇത് അംഗീകരിച്ചിട്ടില്ല. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ ഉള്‍പ്പെടെ ഉള്ള 30 രാജ്യങ്ങള്‍ കൊസാവയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുണ്ട്. കൊസാവയില്‍ സേര്‍ബിയന്‍ സഭാംഗങ്ങള്‍ ആയിരുന്നു ഭൂരിഭാഗവും. എന്നാല്‍ മുസ്ലീങ്ങളും, ക്രിസ്ത്യാനികളും തമ്മില്‍ ഉണ്ടായ വംശീയ കലാപത്തിനുശേഷം സേര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ അവിടെ നിന്നും തുരത്തപ്പെട്ടു. സേര്‍ബിയന്‍ സഭയുടെ പഴമയും, പാരമ്പര്യവും ഈ പ്രദേശത്താണ് ഏറ്റവും അധികം ഉണ്ടായിരുന്നത്. ഇത് നഷ്ടമായിപ്പോകുമോ എന്ന ആശങ്ക സേര്‍ബിയന്‍ സഭയെ ദുഃഖിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ സംരക്ഷണം ഈ പ്രദേശത്തിനുണ്ട്. ഇപ്പോള്‍ പൊതുവെ സമാധാനം ആണ് എങ്കിലും 5000 വിശ്വാസികള്‍ക്കു മാത്രമേ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് പ്രവേശനം അനുവദിച്ചുള്ളു. ഈ അന്തരീക്ഷത്തിലും പ്രൗഢഗംഭീരമായിരുന്നു ചടങ്ങുകള്‍ എല്ലാമെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ശുശ്രൂഷകള്‍ എല്ലാം ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചു. അതിനുശേഷം നടന്ന വിരുന്നില്‍ വിശിഷ്ടാതിഥികളും, പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കളും സംബന്ധിച്ചു. സേര്‍ബിയന്‍ സഭയിലെ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള ആശ്രമ മഠാധിപതികള്‍ക്ക് വേദിയില്‍ മുഖ്യമായ സ്ഥാനം ഉണ്ടായിരുന്നു. മഠങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഒരു മഠാധിപതി (മഠത്തിലമ്മ) വേദിയില്‍ ഉണ്ടായിരുന്നത് പ്രത്യേകം ശ്രദ്ധേയം ആയി എനിക്കനുഭവപ്പെട്ടു. വിവിധ സഭകളില്‍ നിന്നു വന്നവര്‍ പാത്രിയര്‍ക്കീസിനു സമ്മാനം നല്‍കി. നമ്മുടെ സഭയിലെ ഏതാനും പേര്‍ ചേര്‍ന്ന് ഉണ്ടാക്കിയിട്ടുള്ള “ഓര്‍ത്തഡോക്സ് കോഗ്നേറ്റ് പേജ്” എന്ന സംഘടനയുടെ സെക്രട്ടറി ശ്രീ. ജോര്‍ജ് അലക്സാണ്ടര്‍ തയ്യാറാക്കി തന്ന ഉപഹാരം പ. പാത്രിയര്‍ക്കീസിന് നമ്മുടെ സഭയുടേതായി ഞാന്‍ സമ്മാനിച്ചു. 1937-ല്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ സേര്‍ബിയന്‍ സഭ സന്ദര്‍ശിച്ചപ്പോള്‍ അവിടെ വെച്ചെടുത്ത ഒരു ഫോട്ടോ ഫ്രെയിം ചെയ്തതായിരുന്നു ആ സമ്മാനം. ആ ഫോട്ടോയില്‍ സേര്‍ബിയന്‍ സഭയുടെ ഒരു മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. അത് കണ്ട് ‘ഇത് എന്‍റെ മെത്രാപ്പോലീത്താ ആയിരുന്നു’ എന്ന് വളരെ സന്തോഷത്തോടെ പ. പാത്രിയര്‍ക്കീസ് പ്രതിവചിച്ചു. വിരുന്നിനിടെ ഞാന്‍ നടത്തിയ ആശംസാ പ്രസംഗത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് സേര്‍ബിയന്‍ സഭയുമായി 70 വര്‍ഷത്തിലധികം പഴക്കമുള്ള ബന്ധം ഉണ്ടെന്ന് സൂചിപ്പിച്ചു. അതിന് തെളിവാണ് ചരിത്ര പ്രാധാന്യം ഉള്ള ഈ ചിത്രം എന്നും ഞാന്‍ സൂചിപ്പിച്ചു. ഇത് പാത്രിയര്‍ക്കീസിനും മറ്റ് എല്ലാവര്‍ക്കും അദ്ഭുതമായി അനുഭവപ്പെട്ടു. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് മറ്റ് ഓര്‍ത്തഡോക്സ് സഭകളുടെ ഇടയില്‍ തനതായ വ്യക്തിത്വം ഉണ്ടെന്നും എക്യുമെനിക്കല്‍ രംഗത്ത് സവിശേഷമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഒന്നു കൂടെ ഓര്‍മ്മിക്കാനും പലരെയും ഓര്‍മ്മിപ്പിക്കുവാനും ഈ സന്ദര്‍ശനം മുഖാന്തിരമായി. ശുശ്രൂഷയും സത്കാരവും കഴിഞ്ഞ് അന്നുതന്നെ ബെല്‍ഗ്രേഡിലേക്ക് മടങ്ങി. യാത്രാമദ്ധ്യേ പ. ഇറിനേയ് പിതാവിന്‍റെ മെത്രാസന ആസ്ഥാനങ്ങളില്‍ ഒന്നായ കാര്‍ലോവ്ച്ചിയില്‍ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ബാല്‍ക്കണ്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. രണ്ടുനാള്‍ കൂടി ബെല്‍ഗ്രേഡില്‍ ചിലവഴിച്ച് സഭയുടെ പ്രധാന പള്ളികളും, സ്ഥാപനങ്ങളും സന്ദര്‍ശിച്ച ശേഷം ഒക്ടോബര്‍ 6-ാം തീയതി നാട്ടിലേക്ക് മടങ്ങി. സമ്പന്നം എന്ന് പറയാനാവില്ല എങ്കിലും പരിശുദ്ധിയും, പഴമയും ചേര്‍ത്തുണ്ടായ പുരാതന പൗരസ്ത്യ ക്രിസ്തീയ സംസ്കാരം കൊണ്ട് സമ്പന്നമാണ് സേര്‍ബിയന്‍ ഓര്‍ത്തഡോക്സ് സഭ.

(മലങ്കരസഭാ മാസിക, 2010 നവംബര്‍)